Friday, 14 January 2011

ഓര്‍മ്മയിലെ മുത്തച്ഛന്‍

                               അച്ഛനും അമ്മയ്ക്കും  ആറുവര്‍ഷം  ആറ്റുനോറ്റുണ്ടായ കുട്ടി . വീട്ടിലെ
ആദ്യത്തെ  സന്താനം. അതുകൊണ്ടൊക്കെത്തന്നെ  വീട്ടില്‍ എല്ലാവരും  എന്നെ വളരെയധികം  ലാളിച്ചുവളര്‍ത്തി  അവര്‍  എനിക്കെല്ലാം  സ്വാതന്ത്ര്യവും  തന്നു,  എന്തും  സാധിച്ചുതന്നു . ഒരു  കാര്യത്തിനും  വഴക്കുപറയുകയോ  ശിക്ഷിക്കുകയോ  ചെയ്തില്ല. ഇത്രയും പോരെ ഒരു കുട്ടിയെ 'ശാഠ്യം ' എന്ന  ഭൂതം  പിടികൂടാന്‍ ?.
                                        എന്റെ മുത്തച്ഛന്റെത് ചിട്ടയും കൃത്ത്യനിഷ്ഠയുമുള്ള ഒരു ജീവിതമായിരുന്നു. ഞാന്‍   അമ്മയുടെ വീട്ടില്‍ എത്തുമ്പോള്‍ തന്നെ മുത്തച്ഛനും മുത്തശ്ശിയും എന്നെ പ്രതീക്ഷിച്ചിരിക്കുന്നുണ്ടാകും .മുത്തച്ഛന്‍ എന്നെ എടുത്തുകൊണ്ടുപോയി കശുവണ്ടിപ്പരിപ്പും കല്‍ക്കണ്ടവും തരുമായിരുന്നു .അദ്ദേഹം എന്നെ മടിയില്‍ ഇരുത്തി ധാരാളം കഥകള്‍ പറഞ്ഞുതരുമായിരുന്നു. പലപ്പോഴും അദ്ദേഹത്തിന്റെ ചിട്ടകള്‍ എന്നെ പല കാര്യ ങ്ങളില്‍  നിന്നും പിന്തിരിപ്പിച്ചു .പക്ഷേ അമിതസ്വാതന്ത്ര്യത്തില്‍ വളര്‍ന്ന  എനിക്ക്  അത്  അവരില്‍നിന്നും  ഒരു  അകല്‍ച്ച  സൃഷ്ടിച്ചു.  അതുകൊണ്ടായിരിക്കണം  ആ  സ്നേഹത്തിന്‍റെ ആഴം ഞാന്‍  തിരിച്ചറിയാതിരുന്നത്. 
                                ഒരുദിവസം ഉച്ചയ്ക്ക് എന്നെ  സ്കൂളില്‍നിന്നും അച്ഛന്‍വന്ന്  കൂട്ടികൊണ്ട്പോയി. വളരെ  സന്തോഷത്തോടെ വീട്ടിലെത്തിയ ഞാന്‍  കണ്ടത് കരഞ്ഞുകൊണ്ട്‌  എങ്ങോട്ടോ  പോകുവാന്‍  ഒരുങ്ങുന്ന അമ്മയെയാണ്. എനിക്കൊന്നും  മനസിലായില്ല. അച്ഛന്റെയും അമ്മയുടെയും  കൂടെ  ഞാന്‍   മുത്തച്ചന്റെയടുത്തേക്ക്   തിരിച്ചു .പക്ഷേ,അവിടെ  ഞങ്ങളെ  പ്രതീക്ഷിച്ചാരും  ഉണ്ടായിരുന്നില്ല. ഞാന്‍  വീട്ടിനുള്ളില്‍ കടന്ന്‌ എല്ലാ മുറികളിലും നോക്കി ; ഇല്ല ആരും ഇല്ല.
                                   ഞങ്ങള്‍ അവിടെനിന്നും ചിലതൊക്കെ എടുത്തു, എന്നിട്ട് ആശുപത്രിയിലേക്ക് പോയി.അവിടെ ഞങ്ങള്‍ ഒരു ഇടനാഴിയിലൂടെ നടന്നു .ഇരുവശത്തും നിറയെ  മുറികള്‍; അവിടെ  ഒരറ്റത്തുള്ള  മുറിയില്‍ ഒരു കണ്ണാടിചില്ലിലൂടെ എല്ലാവരും ഉള്ളിലേക്ക് നോക്കുന്നുണ്ടായിരുന്നു .                        
  കുറേ സമയത്തിനുശേഷം അമ്മ എന്നേയും കൂട്ടി ആ മുറിയുടെ അകത്ത്കടന്നു.
 അവിടെ ഞാന്‍ എന്റെ മുത്തച്ഛന്‍  തളര്‍ന്നു കിടക്കുന്നതാണ് കണ്ടത് .അദ്ദേഹമെന്നെ നിസ്സഹായനായി  നോക്കി .ആ കണ്ണുകള്‍  നിറഞ്ഞു  തുളുമ്പി .അന്നാണ് ഞാന്‍  ആദ്യമായി ആ  സ്നേഹത്തിന്‍റെ  ആഴം  അറിഞ്ഞത്‌.
                                     അന്നു തന്നെ  ഞാന്‍  തിരിച്ച്  വീട്ടിലേക്ക് വന്നു.പക്ഷേ  ആ കാഴ്ച  
എന്‍റെ  കുഞ്ഞുമനസ്സില്‍ ആഴത്തില്‍  മുറിവുണ്ടാക്കി.
                                     കുറച്ചുദിവസത്തിനുശേഷം  ഞാന്‍ അച്ഛന്‍റെ  കൂടെ വീണ്ടും  അവിടേക്ക്  പോയി. നിറയെ   ആളുകള്‍ കൂടിയിരുന്നു .പക്ഷേ എന്‍റെ കണ്ണുകള്‍  മറ്റെന്തോ തേടുകയായിരുന്നു. അവസാനം ഞാന്‍  അതുകണ്ടു. ആ സ്നേഹസാന്ദ്രമായ മുഖം. എന്നത്തേയും പോലെ ആ മുഖത്തന്നും  ചെറു പുഞ്ചിരി  ഉണ്ടായിരുന്നു. അന്നു  ഞാന്‍  അറിഞ്ഞില്ല,സ്നേഹത്തിന്റെ ആ ഉജ്ജ്വല സൂര്യന്റെ അസ്തമയമാണിതെന്ന്‍ .


                                                                                                        നീരജ . കെ . സി       .

No comments:

Post a Comment