ഏതോ താരാട്ടിന്‍ നേര്‍ത്ത ശീലുകള്‍
ഈ രാവിലെന്നെത്തേടിയെത്തീടവെ
ഇത്തിരിപോലുമെനിക്കു മയങ്ങുവാന്‍
വയ്യ, വന്നെത്തുന്നു നീറുന്നൊരോര്‍മ്മകള്‍......
പഴമ മണക്കുമകത്തളങ്ങളില്‍-എന്റെ
ബാല്യമാം മണ്‍ ചെരാതെരിഞ്ഞുതീരുന്നതും
തെയ്യങ്ങള്‍ തുള്ളിയുറയുന്ന കാവിലെ
നാട്ടുമാവിന്‍ കൊമ്പിലൂഞ്ഞാലിടുന്നതും
പൊന്നശോകങ്ങള്‍ പൂക്കും തൊടികളില്‍
സ്നെഹത്തിന്‍മലരുകള്‍ തേടിനടന്നതും
ഒരു മയില്‍പ്പീലി, വളപ്പൊട്ടു പിന്നെയൊ-
രിത്തിരി മഞ്ചാടി കൂടെക്കളിക്കുവാന്‍.
കഥയൊന്നു ചൊല്ലുവാന്‍ മുത്തശ്ശിയില്ലാതെ
ഒരു കുഞ്ഞു പാവയും കൂടെയുറങ്ങുവാന്‍
നാമം ജപിക്കവെ വന്നെത്തുമച്ഛന്റെ
ചാരത്തൊന്നോടിയണയുവാന്‍
കൈകളില്‍ തൂങ്ങുവാന്‍ ഉമ്മകൊടുക്കുവാന്‍
അമ്മ തന്‍ സാരിയില്‍
മുഖമൊന്നൊളിക്കുവാന്‍
ഒക്കെ മോഹിച്ചൊരെന്‍ ഹൃത്തിന്റെ നൊമ്പരം
ഇന്നീ വൈകിയ വേളയില്‍പ്പോലും
ഒരു നേര്‍ത്ത താരാട്ടില്‍ വീണ്ടു മുണരുന്നു........
-----സ്വര്‍ണ്ണ